Monday, August 20, 2012

ഏത്തപ്പഴവും പോത്തിറച്ചിയും

എന്താ അമ്മേ രാവിലെ കഴിക്കാന്‍..?

പുട്ടും കടലയുമാണെടാ.

ഇറച്ചിക്കറി ഇല്ലേ അമ്മേ? മീന്‍കറി ആയാലും മതിയാരുന്നു.

പിന്നെ പുട്ടിന്‍റെ കൂടെയല്ലേ ഇറച്ചിക്കറി. ഇങ്ങിനെ പോയാല്‍ നീ ഏത്തപ്പഴവും പോത്തിറച്ചിയും വേണമെന്ന് പറയുമല്ലോ?. വേണെങ്കില്‍ ഇവിടെ ഉള്ളത് വല്ലോം തിന്നിട്ടു സ്കൂളില്‍ പോകാന്‍ നോക്ക്.

അന്ന് അമ്മ അങ്ങിനെ പറഞ്ഞെങ്കിലും ജീവിതത്തില്‍ പിന്നെ എപ്പോഴെങ്കിലും ഈ കോമ്പിനേഷന്‍ കഴിക്കേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല.

നമ്മുടെ നാട്ടില്‍ കേട്ടുകേഴ്വി ഇല്ലാത്ത ഈ കോമ്പിനേഷന്‍ ആഫ്രികക്കാരുടെ ഇഷ്ട ഭക്ഷണമാണ്. ഏത്തപ്പഴവും പോത്തിറച്ചിയും, ഏത്തപ്പഴവും മീന്‍കറിയും, ഏത്തപ്പഴവും കോഴിക്കറിയും, എന്നുവേണ്ട പെരുംപാമ്പിനെയും മുതലയും വരെ കറിവെച്ചു ഏത്തപ്പഴവും
കൂട്ടി കൂളായി അടിക്കും ആഫ്രികക്കാര്‍. ഇത് കണ്ടിട്ട് നമ്മള്‍ മലയാളീസ്‌  'അയ്യേ, ഇതൊക്കെ എങ്ങിനെ കഴിക്കും' എന്ന് ചോദിക്കുമെന്കിലും, സംഭവം കഴിക്കാന്‍ നല്ല രുചിയാണ്.

ഏത്തപ്പഴവും പോത്തിറച്ചിയും
ഏത്തപ്പഴവും കോഴിക്കറിയും
മലയാളിയുടെ സ്വന്തമെന്ന് അഭിമാനിക്കുന്ന നമ്മുടെ ഏത്തക്ക ഉപ്പേരി ഇവിടെ യഥേഷ്ടം കിട്ടും, കൂടാതെ ഏത്തപ്പഴം കനത്തില്‍ അരിഞ്ഞു മോരിച്ചെടുക്കുന്ന പ്ലാന്റീന്‍ എന്ന ഒരു ഉപ്പേരി കൂടെ ഇവിടെ കിട്ടും. അതിന്റെ കോമ്പിനേഷനും ഇറചിതന്നെ.
ഏത്തപ്പഴ ഉപ്പേരി
ഇതൊക്കെ കഴിച്ചു മടുത്തപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് മീന്‍ മതി.
മീന്‍ പുഴുങ്ങിയതും പച്ചക്കറിയും ചോറും.  (വാട്ട് എ കോമ്പിനേഷന്‍ സര്‍ജി)
മീന്‍ പുഴുങ്ങിയതും പയറുകറിയും
അയ്യോ ഇത് ഞാന്‍ എങ്ങിനെ കഴിക്കും.. കഷണിച്ച മീന്‍ ഇല്ലേ അതാണ് എനിക്ക് ഇഷ്ടം.
കഷണിച്ച മീനും ചോറും പച്ചകറിയും.
ഇല അരച്ചതും കഷണിച്ച മീനും
ചേട്ടാ, കുറച്ചു ചോറും കറിയും കിട്ടുമോ..?
ചോറും ചീരയിട്ടു വെച്ച മീന്‍ കറിയും.
ചോറും ചിക്കന്‍ പട്ടാണി കറിയും.
ദോശ+സാംബാര്‍, കഞ്ഞി+അവിയല്‍, പുട്ട്+കടലക്കറി തുടങ്ങിയവയൊക്കെ സ്വപ്നം കണ്ടു  ഞാന്‍ ഞെട്ടി ഉണരാന്‍ തുടങ്ങിയിട്ടുണ്ട്.

'നാട്ടിലും വിദേശത്തുമായി ഗംഭീര ഓണസദ്യ ഉണ്ണുന്നവര്‍കെല്ലാം വയറിളക്കം പിടിക്കണേ ദൈവമേ.' എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു പോയാല്‍ എന്നെ കുറ്റം പറയരുത്. വേറെ നിവര്‍ത്തി ഇല്ലാത്തോണ്ട.

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

(പടങ്ങള്‍ കടം തന്നെന്നെ സഹായിച്ച ജിദീഷിനു ഒരു പുഴുങ്ങിയ മീനും ഏത്തപ്പഴവും നന്ദിയായി സമര്‍പ്പിക്കുന്നു.)